ന്യൂഡല്‍ഹി : വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്നd വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദര്‍ശത്തിന് തൊട്ടുമുന്‍പാണ് സുപ്രധാന തീരുമാനം.
നിയന്ത്രണ മേഖലയില്‍ പട്രോളിങ് നടത്താന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. യഥാര്‍ഥ നിയന്ത്രണ രേഖില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ജവാന്മാര് വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ – ചൈനീസ് നയതന്ത്രബന്ധം വഷളായിരുന്നു. പിന്നീട് സൈനികതലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.
അതേസമയം, ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.