കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്.
72,40,000 നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായാണ് പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.
ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72, 40, 000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി. യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കരനും സുഹൃത്തും പിടിയിലാകുന്നത്.