ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ മരിച്ചു. പ്രാദേശിക തൊഴിലാളികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
‘ഗഗാംഗീര്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കണക്ക് ഒടുവിലത്തേതല്ല, കാരണം തദ്ദേശീയരും അല്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ ഉണ്ട്. പരിക്കേറ്റവര്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ സ്കിംസിലേക്ക് കൊണ്ടുപോകും’ ഒമര്‍ എക്സില്‍ ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.