ന്യൂഡൽഹി : രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. അധോലോക കാലഘട്ടത്തിലെ മുംബൈ പോലെ ഡൽഹി മാറിയെന്ന് അതിഷി കുറ്റപ്പെടുത്തി.
എഎപി സർക്കാറാണ് ഡൽഹി ഭരിക്കുന്നത് എങ്കിലും പൊലീസിന്റെ നിയന്ത്രണം കേന്ദ്രസർക്കാറിനാണ്. കേന്ദ്രവും എഎപി സർക്കാറും തമ്മിൽ പലപ്പോഴും തർക്കത്തിനിടയാക്കാറുള്ള വിഷയമാണിത്. ഇക്കാര്യം മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഡൽഹിയിലെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന്റെ മതിലാണ് രാവിലെ 7.47ന് ഉണ്ടായ സ്ഫോടനത്തിൽ തകർന്നത്.
ആർക്കും പരിക്കില്ലെങ്കിലും സ്ഫോടനത്തിൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ തകരുകയും കടകളുടെ ബോര്‍ഡുകള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, ദേശീയ അന്വേഷണ ഏജൻസി, സിആർപിഎഫ്, എൻഎസ്ജി എന്നിവയുൾപ്പെടെ ഒന്നിലധികം സുരക്ഷാ ഏജൻസികളാണ് ഇപ്പോൾ വിഷയം അന്വേഷിക്കുന്നത്.
സ്ഫോടനം ഡൽഹിയിലെ ക്രമസമാധാന സംവിധാനത്തിൻ്റെ തകർച്ചയെ തുറന്നുകാട്ടിയെന്ന് സമൂഹമാധ്യമത്തിലെ എഴുതിയ കുറിപ്പില്‍ അതിഷി പറഞ്ഞു.
”ഡൽഹിയിലെ ക്രമസമാധാന പാലനത്തിൻ്റെ ഉത്തരവാദിത്തം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനാണ്. എന്നാല്‍ അക്കാര്യം കണക്കിലെടുക്കാതെ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ പ്രവർത്തനം തടസപ്പെടുത്താനാണ് അവര്‍ സമയം ചെലവഴിക്കുന്നത്. അധോലോക കാലഘട്ടത്തെ മുംബൈ പോലെയായി ഡൽഹിയുടെ സ്ഥിതി. വെടിയുതിർക്കുന്നു, ഗുണ്ടാസംഘങ്ങൾ പണം തട്ടുന്നു, കുറ്റവാളികളിപ്പോള് ആവേശഭരിതാണ് . ബിജെപിക്ക് വിഷയം കൈകാര്യം ചെയ്യാനുള്ള ഒരു ഉദ്ദേശ്യവുമില്ല”- അതിഷി വ്യക്തമാക്കി.
അബദ്ധത്തിലെങ്കിലും ഡൽഹി സർക്കാറിന്റെ ചുമതല ബിജെപിക്ക് നല്കിയാല് ആശുപത്രികളുടെയും വൈദ്യുത- ജലവിതരണത്തിന്റെ അവസ്ഥ ക്രമസമാധാന നില പോലെ തകരുമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രശാന്ത് വിഹാറിലുണ്ടായ സ്ഫോടനത്തില്‍, ഡൽഹി പൊലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.