പത്തനംതിട്ട : പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ക്കൊപ്പം ശനിയാഴ്ചയാണ് ആഷില്‍ ശബരിമലയില്‍ എത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട മെഡിക്കല്‍ കോളജിലേക്ക് മാറ്റി.