കൊച്ചി : അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം പോയ സംഭവത്തിൽ രണ്ട് പേർ കൂടി മുംബൈയിൽ അറസ്റ്റിൽ. ഇതോടെകേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഡൽഹിയിൽ മൂന്ന് പേർ പിടിയിലായിരുന്നു. ഇവരെ കൊച്ചിയിൽ എത്തിച്ചു.
പിടിയിലായവർ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് മോഷണ സംഘങ്ങളാണ്. ഇവർ തമ്മിൽ ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് പിടികൂടിയവരിൽ നിന്ന് 20 ഫോണുകളും മുംബൈയിൽ നിന്ന് മൂന്നെണ്ണവും കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത 23 ഫോണുകളിൽ 15 എണ്ണം ഐഫോണുകളാണ്. ഡൽഹിയിൽ ഫോണുകൾ വിൽപന നടത്താൻ ശ്രമം നടത്തിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം ശക്തമാക്കും.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.