ന്യൂഡല്‍ഹി : വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാഗാന്ധി സംബന്ധിക്കും. കല്‍പ്പറ്റയില്‍ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയിലും സോണിയയും രാഹുലും മൂവരും പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐയുടെ സത്യന് മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബിജെപിയുടെ നവ്യ ഹരിദാസും മത്സരരംഗത്തുണ്ട്.