ഫ്ലോറിഡ : ഹാട്രിക്കുമായി സൂപ്പർ താരം ലയണൽ മെസി തിളങ്ങിയ എംഎൽഎസിലെ മത്സരത്തിൽ ഇന്റർമയാമിക്ക് ഗംഭീര ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ന്യൂ ഇംഗ്ലണ്ടിനെ തകർത്തു.
ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം ഗംഭീര പ്രകടനത്തോട് കൂടി തിരിച്ചുവന്നാണ് മത്സരം സ്വന്തമാക്കിയത്. ന്യൂ ഇംഗ്ലണ്ട് താരം ലൂക ലംഗോണിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. 34-ാം മിനിറ്റിൽ ഗോൾ നേടിയ ന്യൂ ഇംഗ്ലണ്ട് താരം ഡൈലാൻ ബോറേറോ ടീമിന്റെ ലീഡ് രണ്ടായി ഉയർത്തി.
എന്നാൽ 40-ാം മിനിറ്റിൽ ലൂയി സുവാരസ് ഇന്റർമയാമിക്കായി ഗോൾ സ്കോർ ചെയ്തു. 43-ാം മിനിറ്റിലും ഗോൾ നേടി സുവാരസ് ഇന്റർമയാമിയെ ന്യൂ ഇംഗ്ലണ്ടിനൊപ്പം എത്തിച്ചു. ബെഞ്ചമിൻ ക്രെമാശി 58ാം മിനിറ്റിൽ ഇന്റർമയാമിയെ മുന്നിലെത്തിച്ചു.
പിന്നീടാണ് പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഹാട്രിക്ക് നേടിയത്. 78, 81, 89 എന്നീ മിനിറ്റുകളിലാണ് മെസി ഗോളുകൾ നേടിയത്. മത്സരം അവസാനിച്ചപ്പോൾ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഇന്റർമയാമി മത്സരം സ്വന്തമാക്കി.
വിജയത്തോടെ ഇന്റർമയാമിക്ക് 74 പോയിന്റായി. ക്ലബ് ലോകകപ്പിന് യോഗ്യത നേടാനും ടീമിനായി. കഴിഞ്ഞ ദിവസം ബോളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും മെസി ഹാട്രിക്ക് നേടിയിരുന്നു.