ന്യൂഡല്‍ഹി : പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുതയാണ് 4:1 എന്ന ഭൂരിപക്ഷ വിധിയോടെ സുപ്രീം കോടതി ശരിവെച്ചത്. 1966 ജനുവരി ഒന്നു മുതല്‍ 1971 മാര്‍ച്ച് 25 വരെ ബംഗ്ലദേശ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും അസമിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് സിറ്റിസണ്‍ ഷിപ്പ് സെക്ഷന്‍ 6 എ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷമുള്ള അനധികൃത കുടിയേറ്റ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് അസം കരാറെന്നും, സെക്ഷന്‍ 6 എ നിയമപരമായ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച തീയതി ആയതിനാല്‍ 1971 മാര്‍ച്ച് 25 എന്ന കട്ട് ഓഫ് തീയതി യുക്തിസഹമാണെന്നും ഭൂരിപക്ഷ വിധിയില്‍ കോടതി പറയുന്നു.
പാര്‍ലമെന്റ് അടക്കമുള്ള നിയമനിര്‍മ്മാണ സഭകള്‍ക്ക് ഇത്തരത്തില്‍ വ്യവസ്ഥ കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന്, ഭൂരിപക്ഷ വിധിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേശ്, മനോജ് മിശ്ര എന്നിവര്‍ വ്യക്തമാക്കി. 1966 ജനുവരി 1-ന് മുമ്പ് അസമില്‍ പ്രവേശിച്ച കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടുന്നു. 1966 ജനുവരി 1 നും 1971 മാര്‍ച്ച് 25 നും ഇടയില്‍ അസമില്‍ പ്രവേശിച്ച കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടാന്‍ അര്‍ഹതയുണ്ട്. അതാണ് യോഗ്യതാ മാനദണ്ഡം. ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്നാല്‍ പൗരത്വ നിയമത്തിലെ 6 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് പര്‍ദിവാല വിയോജിച്ചു കൊണ്ടുള്ള വിധിയില്‍ അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവേശനത്തിനെതിരായ ആറുവര്‍ഷം നീണ്ട പ്രക്ഷോഭത്തെത്തുടര്‍ന്ന് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരും ഓള് അസം സ്റ്റുഡന്റ്സ് യൂണിയനും (എഎഎസ്യു) ചേര്‍ന്നാണ് 1966 ജനുവരി മുതല്‍ 1971 മാര്‍ച്ച് വരെ അസമില്‍ എത്തിയവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ അസം കരാര്‍ ഒപ്പിട്ടത്. 1985-ല്‍ സെക്ഷന്‍ 6 എ പൗരത്വ നിയമത്തിന്റെ ഭാഗമായി ചേര്‍ക്കുകയായിരുന്നു. ഇതുപ്രകാരം 1966 ജനുവരി മുതല്‍ 1971 മാര്‍ച്ച് വരെ അസമില്‍ കടന്ന 17,861 കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
അസമില്‍ പൗരത്വത്തിന് വ്യത്യസ്തമായ കട്ട് ഓഫ് തീയതി നിശ്ചയിച്ചത് വിവേചനപരമായ നടപടിയാണെന്നാണ് സന്നദ്ധ സംഘടനയായ അസം പബ്ലിക് വര്‍ക്സ്, അസം സമ്മിളിത മഹാസംഘ് തുടങ്ങിയവ ആരോപിച്ചിരുന്നത്. അതിനാല്‍ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി കണക്കാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസമിലെ പ്രാദേശിക ജനസംഖ്യയില്‍ കുടിയേറ്റക്കാരുടെ ശതമാനം കൂടുതലാണെന്നും അതിനാല്‍ അസമിനെ വേര്‍തിരിച്ചത് യുക്തിസഹമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. അസമിലെ 40 ലക്ഷം കുടിയേറ്റക്കാരുടെ ആഘാതം പശ്ചിമ ബംഗാളിലെ 57 ലക്ഷം കുടിയേറ്റക്കാരെക്കാള്‍ വലുതാണ്, കാരണം അസമിലെ ഭൂവിസ്തൃതി ബംഗാളിനെ അപേക്ഷിച്ച് വളരെ കുറവാണ്. കോടതി വ്യക്തമാക്കി.