ന്യൂഡല്‍ഹി : 2025-26 റാബി സീസണില്‍ ആറു വിളകള്‍ക്ക് മിനിമം താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധന വരുത്തിയതായും കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഗോതമ്പിന്റെ മിനിമം താങ്ങുവില (എംഎസ്പി) 2275 രൂപയില്‍ നിന്നും 2425 രൂപയായി ഉയര്‍ത്തി. ബാര്‍ലിയുടെ എംഎസ്പി 1850 രൂപയില്‍ നിന്നും 1980 രൂപയാക്കി വര്‍ധിപ്പിച്ചു. പയറു വര്ഗങ്ങളുടേത് 5440 രൂപയില്‍ നിന്നും 5650 ആയും, പരിപ്പ് അടക്കമുള്ള ധാന്യങ്ങളുടേത് 6425 രൂപയില്‍ നിന്ന് 6700 ആയും ഉയര്‍ത്തിയിട്ടുണ്ട്.
റേപ്സീഡ്/ കടുക് എന്നിവയുടേത് 5650 രൂപയില്‍ നിന്നും 5960 രൂപയായും, സ്ഫ് ഫ്ലവറിന്റേത് ( കുസുംഭപുഷ്പം) 5800 രൂപയില്‍ നിന്നും 5940 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ 3% വര്‍ധിപ്പിക്കാനും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫ് നല്‍കാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
വാരാണസിയിൽ ഗംഗാനദിക്ക് കുറുകേയുള്ള മാളവ്യ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാളവ്യ പാലത്തിന് 137 വർഷം പഴക്കമുണ്ട്. ഗതാഗത ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്. ഇപ്പോൾ താഴത്തെ ഡെക്കിൽ 4 റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ 6 വരി ഹൈവേയുമുള്ള ഒരു പുതിയ പാലം നിർമ്മിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. 2,642 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.