ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യമായി മത്സരിച്ചെങ്കിലും ഒമര്‍ അബ്ദുള്ള സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ ഒരു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ച കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഒമര്‍ അബ്ദുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി എന്നിവര്‍ സംബന്ധിക്കും. ഒമര്‍ അബ്ദുള്ള സര്‍ക്കാരില്‍ എട്ടുമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30ന് ശ്രീനഗറിലാണ് ഒമര്‍ അബ്ദുള്ളയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
സമാജ് വാദി പ്രസിഡന്റ് അഖിലേഷ് യാദവ്, സുപ്രിയ സുലേ, കനിമൊഴി, ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും. 2019ല്‍ ആര്‍ട്ടിക്കള്‍ 370 റദ്ദ് ചെയ്ത ശേഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പാണിത്. ജനങ്ങള്‍ക്കായി ഒരു പാട് ചെയ്യാനുണ്ടെന്നും അവരുടെ ആഗ്രഹത്തിനനുസരിച്ച സര്‍ക്കാരാകുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. 90ല്‍ 42 സീറ്റുകള്‍ നേടിയാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ സിപിഎം ഒരു സീറ്റില്‍ വിജയിച്ചു.
ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് നേതാവായി ഒമര്‍ അബ്ദുള്ളയെ തെരഞ്ഞെടുത്തത്. നാല് സ്വതന്ത്രരും ആം ആദ്മി അംഗവും നാഷണല്‍ കോണ്‍ഫ്രന്‍സിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം ഹരിയാനയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ നായബ് സിങ് സൈനിയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.