പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഇടഞ്ഞ കോണ്‍ഗ്രസ് നേതാവ് ഡോ. പി സരിനെ സിപിഎം ബന്ധപ്പെട്ടതായി സൂചന. പാലക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സിപിഎം വാഗ്ദാനം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് സരിന് എത്തിയാല്‍, ഇടതു സ്വതന്ത്രനായോ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായോ മത്സരിപ്പിക്കാന്‍ തയ്യാറെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചതായാണ് വിവരം.
കോണ്‍ഗ്രസിലെ തര്‍ക്കം പരമാവധി മുതലെടുക്കുക എന്നതാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. രാഹുൽ മാങ്കൂട്ടത്തിലിനോട് എതിര്‍പ്പുള്ളവരെ പരമാവധി ഒപ്പം ചേര്‍ക്കാനാണ് സിപിഎം ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെയാണ് സിപിഎം പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രധാനമായും പരിഗണിച്ചിരുന്നത്. അതേസമയം, ഇടഞ്ഞ പി സരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും പരിശ്രമം തുടരുകയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജില്ലക്കാരനായ തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന് കണക്കുകൂട്ടിയിരുന്നത്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിലുള്ള അതൃപ്തി സരിന് അടുപ്പമുള്ള നേതാക്കളെ അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ത്ഥി അന്തിമ പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന് ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു.
അതേസമയം, പി സരിന് ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, അദ്ദേഹം പാര്‍ട്ടി വിടില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും വി കെ ശ്രീകണ്ഠന് എംപി പറഞ്ഞു. പാര്‍ട്ടിയുടെ ലൈംലൈറ്റിലുള്ള നേതാവാണ് അദ്ദേഹം. ഒരു സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അതൃപ്തിയുമില്ല. പാലക്കാട് വലിയ വിജയസാധ്യതയുള്ളത് കണ്ടുകൊണ്ട് പലരും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കും. അത് തെറ്റല്ല. എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബാധകമാണ്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു മാനദണ്ഡമുണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ്, പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല തെരഞ്ഞെടുപ്പ്. നിയമസഭയിലേക്ക് വോട്ടെടുപ്പിന് കേരളത്തിലെ ഒരു വോട്ടര്‍ ആയിരിക്കണമെന്നതാണ് പ്രാഥമികമായ മാനദണ്ഡം. അതനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരെ പാലക്കാട് ജില്ലയില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിജയിപ്പിച്ച ചരിത്രം കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. സരിന് കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയാണെന്നും വി കെ ശ്രീകണ്ഠന് എംപി പറഞ്ഞു.