ജയ്പുർ : സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലക്നോവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പൂർ പോലീസ് അറിയിച്ചു.
175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം യാത്ര തുടർന്നു. അതേസമയം, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ 10 ബോംബ് ഭീഷണികൾ വന്നതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തുവെന്നും ലണ്ടനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ഭീഷണിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.