ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയില്‍ ദുരിതത്തിലായി തമിഴ്നാട്. തലസ്ഥാനമായ ചെന്നൈ അടക്കം തമിഴ്നാടിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.
നാളെ പുലര്‍ച്ചെ ചെന്നൈയ്ക്ക് സമീപം, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാടിന്റെയും തെക്കന്‍ ആന്ധ്രാപ്രദേശിന്റെയും തീരങ്ങള്‍ കടന്ന് പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലേക്ക് ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ സമീപപ്രദേശങ്ങളായ കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പെട്ട് എന്നിവിടങ്ങളിലും അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പല വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. കനത്തമഴ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. സുരക്ഷയുടെ ഭാഗമായി ചെന്നൈയിലെയും വിവിധ ജില്ലകളിലെയും 26 സ്ഥലങ്ങളില്‍ ദുരന്ത നിവാരണ പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്.