ചെന്നൈ : ഈ മാസം ആദ്യമാണ് തന്റെ പുതിയ ചിത്രം സൂര്യ 44 ന്റെ ചിത്രീകരണം പൂർത്തിയായതായി നടൻ സൂര്യ അറിയിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും സൂര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂര്യയുടെ 45-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
നിങ്ങൾക്ക് ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്നർ ഉറപ്പു തരുന്നുവെന്നാണ് ആർജെ ബാലാജി പോസ്റ്റർ പുറത്തുവിട്ട് എക്സിൽ കുറിച്ചിരിക്കുന്നത്. ‘ത്രിൽഡ്’ എന്ന് സൂര്യയും സന്തോഷം പങ്കുവച്ച് കുറിച്ചു. ‘സൂര്യ 45’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഔപചാരിക പൂജ ചടങ്ങുകളോടെ പ്രഖ്യാപിച്ചു. ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്. മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സൂര്യ 45 എന്നാണ് വിവരം.
നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം. എആര്‍ റഹ്മാന് ആണ് സൂര്യ 45 ന് സംഗീതം നല്‍കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യും. കങ്കുവയാണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. അടുത്ത മാസം കങ്കുവ തിയറ്ററുകളിലെത്തും.