കൊച്ചി : എറണാകുളം ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്.
നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയിട്ടുള്ളത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.
സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. ജീവനൊടുക്കാൻ തക്ക സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.