കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തത് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനു പിന്നിൽ ദുരുദ്ദേശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാസപ്പടി കേസിൽ ഇനിയും പേരുകൾ പുറത്ത് വരാനുണ്ടെന്നും അതിലൊന്നും ബിജെപിക്ക് പങ്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കരിമണൽ കടത്തിയത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെ പങ്കുണ്ടെന്നും ബിജെപിയുമായി ഒരു ഡീലും നോ ഡീലുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേസ് ഉയർന്നു വന്നത് ഇൻകം ടാക്സ് റൈഡിൽ നിന്നാണെന്നും മറിച്ച് പ്രതിക്ഷ ആരോപണത്തിൽ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷം കക്ഷി ചേർന്നില്ല. കോൺഗ്രസ് എവിടെയായിരുന്നു? ഒരിക്കലും എവിടെയും കോൺഗ്രസ് ഇടപെട്ടില്ല. മാസപ്പടി കേസിൽ യുഡിഎഫ് നേതാക്കളും പ്രതികളാണ്. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മാസപ്പടി കേസന്വേഷണത്തിൽ കലതാമസമുണ്ടായത് മൂന്നു സുപ്രധാന കോടതികളിൽ വ്യവഹാരം നടക്കുന്നത് കൊണ്ടാണ്. കരുവന്നൂർ കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ഈ കേസിലും രക്ഷപ്പെടില്ല. പിന്നിവിടെയാണ് ഡീൽ? അദ്ദേഹം പ്രതികരിച്ചു.
മദ്രസകൾ നിർത്തലാക്കുന്നതു സംബന്ധിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിലെ മദ്രസകൾ കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നതെന്നും അത് മറ്റിടങ്ങളിലെ മദ്രസകളെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മദ്രസയിൽ മാത്രം കുട്ടികളെ അയക്കുന്നുണ്ട്. അതവസാനിപ്പിക്കാൻ ആണ് ഇത്തരം നീക്കം. കോൺഗ്രസ് കര്യങ്ങൾ മനസ്സിലാക്കാതെയാണ് വിഷയത്തിൽ അഭിപ്രായം പറയുന്നത്. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.