കണ്ണൂര്‍ : വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്ന്നുനല്കി നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവിലാണ് സ്പീക്കര്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്.
‘ഹരിശ്രീ ഗണപതായേ നമഃ’ എന്ന് പറഞ്ഞാണ് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിലായിരുന്നു വിദ്യാരംഭ ചടങ്ങ് നടന്നത്. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക്ക് പാണിഗ്രഹി , മാധ്യമ പ്രവര്ത്തകന് എം വി നികേഷ്കുമാര്‍ എന്നിവരും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ മാനേജര്‍ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു.
പതിനഞ്ചോളം കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു. അക്ഷര ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് സ്പീക്കര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് മധുരവും സമ്മാനവും നല്കി. കഴിഞ്ഞ തവണ ഗണപതി മിത്താണെന്ന വിവാദ പരാമര്‍ശം നടത്തിയതിനു ശേഷവും സ്പീക്കര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ബംഗ്ളാവില്‍ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞതിന് പിന്നാലെ ഷംസീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.