കൊച്ചി : മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വീണാ വിജയനില്‍ നിന്നും കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മൊഴി രേഖപ്പെടുത്തിയത്. കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്എഫ്ഐഒയുടെ നടപടി.
ചെന്നൈ ഓഫീസില്‍ ഹാജരായ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി രണ്ടു കോടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിആര്‍എംഎല്ലില്‍ നിന്നും കെഎസ്ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്നും എസ്എഫ്ഐഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്എഫ്ഐഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്.