മലപ്പുറം : മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്. വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് ഭീഷണി മുഴക്കിയത്.
പഠിക്കാൻ വന്നാൽ പഠിച്ച് പോകണമെന്നും അല്ലെങ്കിൽ കാല് തല്ലി ഒടിക്കുമെന്നാണ് ഭീഷണി. പ്രസംഗത്തിനിടെ അസഭ്യവും പറയുന്നുണ്ട്. കൊലവിളി പ്രസംഗത്തിന് ചുറ്റും കൂടി നിന്ന വിദ്യാർത്ഥികൾ നിറഞ്ഞ കൈയടി നൽകുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം കോളജിന്റെ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് കൊലവിളിയും അസഭ്യവും കെ.എസ്.യു സംസ്ഥാന സെക്രട്ടറി നടത്തിയത്.
‘രണ്ട് ദിവസം മുന്നേ ഏതോ ഒരു ചെക്കൻ… ഞാൻ പറഞ്ഞാൽ കൂടി പോകും. ആ ചെക്കൻ പറഞ്ഞു. അണ്ണാ ഉന്നാൽ മുടിയാതെ….പഠിക്കാൻ വന്നവനാണെങ്കിൽ, വെല്ലുവിളി അല്ല താക്കീതാണ്. പഠിക്കാൻ വന്നവനാണെങ്കിൽ പഠിച്ച് പോവുക. അല്ലെങ്കിൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും. അധികം ഒന്നും ഒന്നും പറയിക്കേണ്ട. ഈ കാമ്പസിനകത്ത് വല്ലാതെ അഭ്യാസം കാണിച്ചാൽ എന്നെക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്’ എന്നായിരന്നു കണ്ണൻ നമ്പ്യാരുടെ ഭീഷണി പ്രസംഗം.