ന്യൂഡൽഹി : നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം ഉയർന്നു. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യമാണ് ഉയർന്നത്. രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെയാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം ടാറ്റ ട്രെസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ നിശ്ചയിച്ചത്.
ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും കൈയ്യാളുന്നത് ടാറ്റ ട്രസ്റ്റാണ്. ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനിയാണ് ടാറ്റ സൺസ്. നോയൽ ടാറ്റയുടെ നിയമനം കമ്പനിയുടെ സ്ഥിരതയാർന്ന മുന്നേറ്റത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഓഹരി നേട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ട്രൻ്റ് ലിമിറ്റഡിൻ്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്ന് 8308.8 രൂപയിലെത്തി. 2014 മുതൽ നോയൽ ടാറ്റയാണ് ഈ കമ്പനിയുടെ ചെയർമാൻ. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ ഓഹരി വില 6000 ശതമാനം ഉയർന്നിരുന്നു. ടാറ്റ സ്റ്റീലിൻ്റെ ഓഹരി 2.54 ശതമാനം ഉയർന്ന് 163.78 ലെത്തി. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ കമ്പനികളുടെ ഓഹരി 16.60 രൂപയിലാണ് ക്ലോസ് ചെയ്തത്.
ടാറ്റയ്ക്ക് കീഴിലെ മറ്റൊരു കമ്പനി വോൾട്ടാസിൻ്റെ ഓഹരി 1786 ലേക്ക് ഉയർന്നു. 0.55 ശതമാനം ആണ് വളർച്ച. ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ ഓഹരി 2.12 ശതമാനം ഉയർന്ന് 1175.6 ലെത്തി. ടാറ് കെമിക്കൽസിൻ്റെ ഓഹരി 1185 രൂപയിലേക്ക് വളർന്നു. മൂന്ന് ശതമാനത്തോളമാണ് വളർച്ച.