തിരുവനന്തപുരം : കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടില്‍ തീരങ്ങളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം.
സിഡബ്ല്യുക്യുഐ അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത്. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.
കേരളത്തിന്റെ സിഡബ്ല്യുക്യുഐ സ്കോര്‍ 74 ആണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സ്കോര്‍ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോര്‍ 60 ഉം ആണ്. തീരമേഖലയില്‍നിന്ന് 5 കിലോ മീറ്റര്‍ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം തന്നെയാണ് മുന്നില്‍. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വര്‍ധിക്കുന്നത് എന്നാണ് കരുതുന്നത്.