മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അഗ്നിവീറുകള്‍ മരിച്ചു. വിശ്വരാജ് സിങ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. തോക്കില്‍നിന്ന് ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് ശരീരത്തില്‍ തുളച്ചുകയറിയാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. അഗ്നിവീര്‍ സംഘം തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.