കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ പോലീസ് ഇന്നു ചോദ്യം ചെയ്യും. ഇതിനു മുന്നോടിയായി ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്കി.
ഇന്നു രാവിലെ പത്തിന് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണു നിര്‍ദേശം. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യുക.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഫൈസല്‍, ജോഷി, എറണാകുളം സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണു ചോദ്യംചെയ്തത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന് ലഭിച്ചു. ഇവര്‍ക്ക് ഇന്നു നോട്ടീസ് നല്‍കും. അതേസമയം, ബിനു ജോസഫിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തേ അറസ്റ്റിലായിരുന്നു. ബിനുവാണ് ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ കൊക്കെയ്ന്‍ എത്തിച്ചതെന്നാണു പോലീസിന്റെ നിഗമനം.