കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും മരട് പോലീസ് ഉടന്‍ ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമാകുന്ന വിവരം.
സിനിമാ താരങ്ങള്‍ക്കൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ ആഢംബര ഹോട്ടലായ ക്രൗണ്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശും(44) സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും(45) പിടിയിലായത്.
താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും എത്തിയത് ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരെയും എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. താരങ്ങള്‍ക്ക് ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.