കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കൊച്ചി മരടിൽ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതായി പറയുന്നത്. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും കണ്ടെത്തിയിരുന്നു. കേസിൽ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഹോട്ടലിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേർ കൂടി ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇതെന്തിനാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പാറ്റൂർ ഗുണ്ടാക്രമണ കേസിൽ അടക്കം പ്രതിയാണ് ഓം പ്രകാശ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു പാറ്റൂരിലെ ഏറ്റുമുട്ടൽ. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ ഇടക്കാലത്ത് നിയന്ത്രിച്ചിരുന്നത് ഓം പ്രകാശായിരുന്നു.