കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ സിനിമാതാരങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയത് എന്തിനാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണു താരങ്ങളുടെ പേരുള്ളത്.
ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ചോദ്യംചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും മുറിയില്‍ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രായഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് താരങ്ങള്‍ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദര്‍ശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേര് മുറിയിലെത്തിയിരുന്നതായാണു വിവരം. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.