കൊച്ചി: മലപ്പുറം മുൻ എസ്പി സുജിത് ദാസ്, സിഐ വിനോദ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും പരാതിക്ക് അടിസ്ഥാനരഹിതമാണെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ കേസെടുക്കാനുളള തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി.
ബലാൽസംഗ പരാതി നൽകിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എസ് പി അടക്കമുളളവർക്കെതിരെ കേസെടുക്കാനുളള തെളിവില്ല. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രംഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.