ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിൽ ശ്രദ്ധാകേന്ദ്രമായി ഹർദിക് പാണ്ഢ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന നോ ലുക്ക് ഷോട്ട് അടക്കം ഉതിർത്താണ് ഹർദിക് ബംഗ്ളാ കടുവകൾക്കെതിരെ ഇന്ത്യൻ വിജയം ഉറപ്പിച്ചത്. 16 പന്തിൽ പുറത്താവാതെ 39 റൺസാണ് ഹാർദിക് നേടിയത്. ഇതിൽ 2 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടും. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു നോ ലുക്ക് ഷോട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പന്ത്രണ്ടാം ഓവർ എറിയാനെത്തിയ ടസ്കിൻ അഹമ്മദിനെതിരെ ഹാർദിക് നേടിയ ഒരു ബൗണ്ടറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ആ ഓവറിലെ മൂന്നാം പന്തിൽ ബൗൺസറിന് ശ്രമിച്ച ടസ്കിന്റെ പന്തിനെ ഹാർദിക് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാറ്റ് വെച്ച് ബൗണ്ടറി കടത്തുമ്പോൾ ആ ഷോട്ടിന് അത്രയും ആധികാരികതയുണ്ടായിരുന്നു. ബോളറെയോ പന്തിനെയോ നോക്കാതെ ഒരു തരം നോ ലുക്ക് ഷോട്ടായിരുന്നു അത്. അടുത്ത പന്തിലും ഹാർദിക് വ്യത്യസ്ത ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇത്തവണ ഹാർദികിന്റെ കൈയ്യിൽ നിന്ന് ബാറ്റും തെറിച്ചുപോയിരുന്നു. പിന്നീടുള്ള പന്ത് സിക്സറടിച്ചായിരുന്നു ഹാർദിക് കളി അവസാനിപ്പിച്ചത്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് 127 റൺസടിച്ച ബംഗ്ലാ സ്കോറിനെ 132 റൺസടിച്ച് ഇന്ത്യ മറികടക്കുകയായിരുന്നു.