മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെ.ടി. ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പി.എം.എ. സലാം പറഞ്ഞതെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കള്ളകടത്തിനു പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിനു പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതന്മാർക്ക് പോലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഏത് മതസമുദായത്തിലാണങ്കിലും ആ മതത്തിലുള്ളവരാണ് ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലിംകൾ എല്ലാം സ്വർണക്കള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.