തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന് ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
ബെന്യാമിന്, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.
1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന് ചരുവിലിന്റെ ജനനം. രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.