മലപ്പുറം : മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്ന് അറിയിച്ചു.
എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീന്‍ ചെറ്റിശേരി, സജീര്‍ പി.ടി എന്നിവരാണ് രാജിവെച്ചത്.
അതേസമയം സിപിഎമ്മിനോട് ഇടഞ്ഞ പി.വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനകളും പുറത്തുവന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് വിവരം. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം.
ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. അന്‍വര്‍ ലക്ഷ്യമിടുന്നത് ഡിഎംകെ മുന്നണിയെന്ന് സഹപ്രവര്ത്തകന് സുകു വ്യക്തമാക്കി. നാളെ മഞ്ചേരിയില്‍ അന്‍വര്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് സുകുവിന്റെ വെളിപ്പെടുത്തല്‍. ഡിഎംകെയില്‍ അന്‍വറും അണികളും ലയിക്കില്ല. പ്രത്യേകപാര്ട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കാനാണ് നീക്കം.