കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് പരാതി നൽകിയത്.
പത്രത്തിൽ അച്ചടിച്ചു വന്ന മുഖ്യമന്ത്രിയുമായുള്ള അഭിമുഖം മത സ്പർധ വളർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയത്.
അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ വന്നുവെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്റർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ, ഞാൻ പറയാത്ത കാര്യങ്ങൾ അച്ചടിച്ചു വന്നു. ഇതിൽ എതിർപ്പ് അറിയിച്ചപ്പോൾ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചത്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തെറ്റായ കാര്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പിണറായി വിജയൻ ഒഴിഞ്ഞു മാറി.