ന്യൂഡല്‍ഹി : ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചു നല്കുന്ന, പല സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വല്‍ വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി. ജയിലുകളില്‍ ഒരു തരത്തിലുള്ള ജാതി വിവേചനവും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇത്തരത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ജയില്‍ മാന്വലുകള്‍ മൂന്നുമാസത്തിനുള്ളില്‍ പരിഷ്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി.
ജാതീയമായ പരിഗണന വെച്ച് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് ജോലി നല്‍കുന്നുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. തടവുകാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ജാതീയമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ മുന്നോട്ടു വന്ന് പോസിറ്റീവായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ജാതീയമായ വിവേചനം തുടരുന്നു എന്നത് ദുഃഖകരമാണ്. എല്ലാവരും തുല്യരായാണ് ജനിക്കുന്നത്. ജാതിയുടെ പേരില്‍ ഒരു അപമാനവും ആര്‍ക്കും ഉണ്ടാകരുത്. മതം, ജാതി, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവേചനം നേരിട്ടാല്‍, അത് ഭരണഘടനയുടെ ആല്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പിന്നാക്ക ജാതിക്കാരായ തടവുകാര്‍ക്കു ശുചീകരണം അടക്കമുള്ള ജോലികളും, ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്കു പാചക ജോലിയും നല്‍കുന്നത് പ്രത്യക്ഷത്തിലുള്ള ജാതി വിവേചനവും ഭരണഘടനയുടെ ലംഘനവുമാണെന്ന് കോടതി വിലയിരുത്തി. തടവുകാര്‍ക്ക് ഒരു വിവേചനവും കൂടാതെ തുല്യമായി ജോലികള്‍ വിഭജിച്ചു നല്‍കേണ്ടതാണ്. ഒരു വിഭാഗവും തോട്ടിപ്പണിക്കാരായോ ചെറിയ ജോലികള്‍ ചെയ്യാനോ മാത്രമുള്ളവരായിട്ടല്ല ജനിക്കുന്നതെന്ന് കോടതി വിശ്വസിക്കുന്നു. മറിച്ചു ചിന്തിക്കുന്നത് തൊട്ടുകൂടായ്മയാണ്, അത് അനുവദിക്കാനാവില്ല. കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.
സാധാരണ തടവുശിക്ഷയ്ക്കു ജയിലില്‍ കഴിയുന്നവര്‍ക്കു അവരുടെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ നിസ്സാര ജോലി നല്‍കേണ്ടതില്ലെന്ന യുപി ജയില്‍ മാന്വലിലെ വ്യവസ്ഥകളോട് കോടതി എതിര്‍പ്പ് രേഖപ്പെടുത്തി. തടവുകാരെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജാതിവിവേചനം ശക്തിപ്പെടുത്തും. തടവുകാര്‍ക്ക് അന്തസ്സ് നല്‍കാതിരിക്കുന്നത് കൊളോണിയല്‍ വ്യവസ്ഥയുടെ ശേഷിപ്പാണ്. തടവുകാര്‍ക്കും അന്തസ്സിനുള്ള അവകാശമുണ്ട്. അവരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ മാതൃകാ ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചു.