തിരുവനന്തപുരം: പി ആര് ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് എതിര്‍പ്പുള്ളവരുടെ വാദം. അഭിമുഖം വന്നയുടനെ, വേഗത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍, ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സുവര്‍ണ്ണ സമയം പാഴാക്കി. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഇതൊരു അനാവശ്യ വിവാദമാണെന്നും സിപിഎമ്മിലെ ഒരു പ്രമുഖ നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് നല്‍കേണ്ടതായിരുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അഭിമുഖം നടത്താനോ പ്രസ്താവന നടത്താനോ ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. പത്രം തെറ്റ് സമ്മതിച്ചതോടെ വിവാദം അവസാനിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി മോശമായി പരാമര്‍ശിച്ചിട്ടില്ല. ഒരു പിആര്‍ ഏജന്‍സിയുമായും സിപിഎമ്മിന് ബന്ധമില്ല. ഈ ഏജന്‍സി തന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെന്നും നേതാവ് അഭിപ്രായപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പിആര്‍ വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്തതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും പ്രതിപക്ഷം പിണറായി വിജയനെതിരെ രൂക്ഷമായ ആക്രമണം നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പരസ്യമായി പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതിനിടെ, വിവാദം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ 11 ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.