കണ്ണൂര്‍: പാര്‍ട്ടി നേതൃത്വവുമായുള്ള പിണക്കം മറന്ന് കോടിയേരി ബാലകൃഷ്ണന് അനുസ്മരണ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് ഇ പി ജയരാജന്. ഭാര്യ പി കെ ഇന്ദിരയോടൊപ്പമാണ് പ്രിയ സഖാവിനെ അനുസ്മരിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ ഇ പി ജയരാജന് കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിലെത്തിയത്. അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഇപി ജയരാജന് വികാര നിര്‍ഭരമായ പ്രസംഗമാണ് നടത്തിയത്.
കോടിയേരിയുമായി കെഎസ് വൈ എഫ് കാലത്തേ തനിക്കുണ്ടായ ബന്ധവും തങ്ങളുടെ കുടുംബ ങ്ങള് തമ്മിലുള്ള സൗഹൃദ ബന്ധവും ഇ പി 20 മിനുട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്, എം വി ജയരാജന് എം വി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സിപിഎം പി ബി അംഗം ബൃന്ദാ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവരുമായി നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങള്‍ നടത്താനും ജയരാജന് സമയം കണ്ടെത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കുത്തുപറമ്പ് സമരപോരാളി പുഷ്പന് എന്നിവര്‍ മരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഡല്‍ഹിയിലും തലശേരിയിലും ഇ പി ജയരാജന് എത്തിയിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന് പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്ക്കാന് തുടങ്ങിയത്. കഴിഞ്ഞ മാസം പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന് – അഴിക്കോടന്‍ ചരമദിനാചരണത്തില്‍ നിന്നും ഇപി ജയരാജന് വിട്ടു നിന്നത് പാര്‍ട്ടിക്കുള്ളിലും മാധ്യമങ്ങളിലും വിവാദമായിരുന്നു.