തിരുവനന്തപുരം : ടൂറിസം രംഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ. കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്.
കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്സിബിള് ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയതാണ് നേട്ടമായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ കാന്തല്ലൂരിനാണ് പുരസ്കാരം ലഭിച്ചത്.
കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര് ടി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം.