മലപ്പുറം : എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് ഇടതു സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ലെന്നും അന്‍വര്‍ പറഞ്ഞു.
ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും. 20 -25 സീറ്റിനു മേലെ എല്‍ഡിഎഫിനു ജയിക്കാനാകില്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹില്‍ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. എത്രയോ നിരപരാധികള്‍ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയില്‍ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അന്‍വറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
എന്നെ വഞ്ചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എല്‍ഡിഎഫ് പുറത്താക്കിയാല്‍ ഞാന്‍ തറയിലിരിക്കും. എന്റെ പാര്‍ക്ക് പൂട്ടിയിട്ട് ഏഴു കൊല്ലമായി. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ക്ക് ദുരന്ത മേഖലയില്‍ അല്ല. മുഖ്യമന്ത്രിയുടെ മേശയിലാണ് ഈ റിപ്പോര്‍ട്ട്. ആ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് ഞാന്‍ ഇത് പറഞ്ഞത്.
എട്ടു കൊല്ലത്തിനിടയ്ക്ക് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പാരസെറ്റമോള്‍ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങള്‍ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവര്‍ത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കില്‍ ഞാന്‍ ആ വഴിക്കു പോകും- അന്‍വര്‍ പറഞ്ഞു.