ഭോപ്പാല്‍ : വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിന്‍വലിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും കങ്കണ പറഞ്ഞു. വിവാദ നിയമങ്ങളെ കുറിച്ചുള്ള പ്രസ്താവന പലരേയും നിരാശപ്പെടുത്തിയിരിക്കാമെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിജെപി എംപി പറഞ്ഞു.
എക്സില്‍ കുറിപ്പിട്ടുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടുമായി ബന്ധമുള്ളതല്ലെന്നും എക്സില്‍ കങ്കണ കുറിച്ചു. സംഭവത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ മാണ്ഡി എംപിയായ കങ്കണ റാവത്തിനെ തള്ളിപ്പറഞ്ഞതോടെയാണ് പ്രസ്താവന പിന്‍വലിക്കുന്നതായി കങ്കണ പറഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവര്‍ പറഞ്ഞ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും ഗൗരവ് ഭാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടാണ് അവര്‍ വിവാദ വിഷയത്തിലെ അഭിപ്രായം പറഞ്ഞത്. തന്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തന്റെ നിലപാടെന്നുമായിരുന്നു കങ്കണ പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും കങ്കണ പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകള്‍ മാത്രമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
നിയമങ്ങക്കെതിരെ കര്‍ഷകര്‍ സമരം നടത്തിയതിനെത്തുടര്‍ന്നാണ് 2021ല്‍ മോദി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറായത്. പരാമര്‍ശങ്ങളെ ബിജെപി അപലപിക്കുകയും പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്നും പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തരുതെന്ന്പാര്ട്ടി നിര്‍ദേശം നല്കി