മലപ്പുറം : തൃശൂർ പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എഡിജിപി എംആർ അജിത് കുമാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്നും സതീശൻ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുന്നത് അജിത് കുമാർ തന്നെയാണെന്നത് തമാശയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിൽ സിപിഐഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇപി ജയരാജനും കാണുന്നത് എന്തിനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇഡിയെ കണ്ടിട്ടില്ല. എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്.’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
പോലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെയെന്നും സതീശൻ ചോദിച്ചു. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും സുരേഷ് ഗോപിയെ പൊലീസ് ആംബുലൻസിൽ എത്തിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.