തിരുവനന്തപുരം : വനം വകുപ്പ് ജീവനക്കാരെ പി.വി.അൻവർ എംഎൽഎ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം. ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വാഹന പാർക്കിംഗിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോൾ അൻവർ വനം വകുപ്പ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു.
അൻവറിന്റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആദ്യം ഒരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തപ്പോൾ മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം.
ഇക്കാര്യം അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫീസര്‍ ആരാണെന്ന് ചോദിച്ച് ഓഫീസിലേക്ക് അൻവര്‍ എത്തുകയായിരുന്നു.
എന്നാല്‍ ഓഫീസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഓഫീസറോട് അൻവര്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.