ബംഗളൂരു : മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സിദ്ധരാമയ്യ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നേരത്തെ അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജി കോടതി തള്ളിയെങ്കിലും എല്ലാവരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും സിദ്ധരാമയ്യ രാജിവെക്കില്ലെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും നിയമവിഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഓഗസ്റ്റ് 19 മുതല്‍ ആറ് സിറ്റിങ്ങുകളിലായി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 12ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരവും, 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 218 പ്രകാരവുമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നല്‍കിയത്. ഈ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഓഗസ്റ്റ് 19ന് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചു. മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പെടെ മൂന്നു പേര് നല്കിയ പരാതികളിലായിരുന്നു ഗവര്‍ണറുടെ നടപടി.
താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹര്‍ജി. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി മുഡയില്‍ അപേക്ഷ നല്‍കിയത്. 2022 ജനുവരി അഞ്ചിനാണ് പാര്‍പ്പിട സ്ഥലങ്ങള്‍ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സര്‍ക്കാര്‍ ഖജനാവിന് ഇതുവഴി 55.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി ജി അബ്രഹാം നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.