എം ജെ ബാബു
കുടിയേറ്റം ആരംഭിച്ചത് മുതല്‍ ഇടുക്കിയില്‍ ഭൂമി തര്‍ക്ക വിഷയമാണ്. കുടിയേറ്റം , കയ്യേറ്റത്തിന് വഴിമാറിയതോടെ അതു സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭൂമിയുടെ രാഷ്ട്രിയവും ഇടുക്കിയുടെ മണ്ണില്‍ വേരോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഇടുക്കി ജില്ല മാറിയതോടെ ഭൂമിക്ക് ഡിമാന്റായി. അതും മറ്റൊരു കാരണമായി.
കൃഷിക്ക് വേണ്ടിയായിരുന്നു മുൻപ് കുടിയേറ്റമെങ്കില്‍ ഇന്ന് റിസോര്‍ട്ടുകള്‍ കെട്ടി പൊക്കാനാണ് കയ്യേറ്റം. വ്യാജ പട്ടയ ലോബി സജീവമാകാനും രവീന്ദ്രന് പട്ടയവും വൃന്ദാവന്‍ പട്ടയവും അമ്മ പട്ടയവും ഉഷ പട്ടയവും തുടങ്ങി വ്യാജ പട്ടയങ്ങളുടെ ഘോഷയാത്രയും ഇതോടെ ആരംഭിച്ചു. പട്ടയം നല്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളിലാണ് വ്യാജ പട്ടയങ്ങള്‍ അറിയപ്പെടുന്നത്.. വ്യാജ പട്ടയങ്ങള്‍ക്കും ഭൂമി കയ്യേറ്റത്തിനും എതിരെ പൂച്ചകളും ജെസിബിയും മലകള്‍ കയറിയതും മറക്കാറായിട്ടില്ല. അന്ന് അതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനെ കുടിയേറ്റ വിരുദ്ധനാക്കാന്‍ എല്ലാവരും ഒരുപോലെ മല്‍സരിച്ചു. അന്നും റവന്യു വകുപ്പ് കൈകാര്യം ചെയ്തിരുന്നത് സിപിഐ ആണ്. അവരും അന്ന് പ്രതികൂട്ടിലായി. എന്നാല്‍, കയ്യേറ്റത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. ഒരു കാല്പാദം വെക്കാനുള്ള ഇടം എവിടെ കണ്ടാലും അവിടെ ഭൂമാഫിയ എത്തും.
എന്നാല്‍, ഇപ്പോള്‍ മുഖ്യധാര രാഷ്ട്രിയ കക്ഷികള്‍ അടക്കം ഒരു ഗ്രാമം അപ്പാടെ കയ്യേറ്റത്തിന് എതിരെ രംഗത്തു വന്നിരിക്കുന്നു. മൂന്നാറിനടുത്ത് ചൊക്രമുടി മലയിലെ പട്ടയവും നിര്‍മ്മാണവുമാണ് വലിയ വിവാദത്തിലേക്ക് മാറിയിരിക്കുന്നത്. റവന്യു മന്ത്രിയുടെ ആഫീസിന് എതിരെയും ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു. റവന്യു മന്ത്രി നേരിട്ടു അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലൊണ് അദേഹത്തിന്റെ ആഫീസിനെയും സിപിഐ ജില്ലാ സെക്രട്ടറിയേയും മുന്‍ സിപിഐ നേതാവായ മുന്‍പഞ്ചായത്തു പ്രസിഡന്റ് വിവാദത്തിലക്ക് വലിച്ചിഴച്ചത്.
മൂന്നാര്‍ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നാണ് ചൊക്രമുടി. ആനമുടിക്കും മീശപ്പുലിക്കും തൊട്ടുപിന്നിലാണ് ചൊക്രമുടിയുടെ സ്ഥാനം. റെഡ്സോണില്‍ ഉള്‍പ്പെട്ട പാരിസ്ഥിതിക പ്രാധാന്യുമുള്ള പ്രദേശം. ഏറ്റവും കൂടുതല്‍ കുറിഞ്ഞികള്‍ പൂക്കുന്ന പുല്‍മേട്. അത്തരമൊരു സ്ഥലത്ത് എങ്ങനെയാണ് പട്ടയം നല്‍കിയത്. അഥവാ ആരാണ് പട്ടയം നല്‍കിയത്. അടിമുടി ദുരൂഹതയാണ്. എന്നാല്‍, മറുഭാഗത്ത് ചൊക്രമുടിയിലെ താഴ്വരയിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഗ്രാമങ്ങള്‍ ഭീതിയിലും. ചൊക്രമുടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉരൂള്പൊട്ടലിന് കാരണമാകുമെന്നും അങ്ങനെ വന്നാല്‍, നിരവധി ഗ്രാമങ്ങള്‍ തുടച്ചു നീക്കപ്പെടുമെന്നും അവര്‍ ഭയക്കുന്നു. മറ്റൊരു ചൂരലള്മലയും മുണ്ടക്കൈയുമായി ഈ പ്രദേശത്തെ മാറ്റരുതെന്ന് ചൊക്രമുടി സംരക്ഷണ സമിതി പറയുന്നു. വിവാദ ഭൂമിയുടെ തൊട്ടു താഴെയുള്ള പട്ടികവര്‍ഗ കോളണികളും (മുതുവാ കുടികള്‍) ആശങ്കയിലാണ്. അവരുടെ ജലസ്രോതസ് ഇല്ലാതാകുമോയെന്ന ഭയം.
ഇപ്പോള്‍ നിര്‍മ്മിച്ച കുളം
കൊച്ചി- ധനുഷ്കോടി ദേശിയപാതയുടെ ഓരത്താണ് ചൊക്രമുടി മല. ലോകാര്‍ഡ് ഗ്യാപ്പില്‍ നിന്നും വേണം വിവാദ ഭൂമിയിലേക്ക് പോകാന്‍. ഈ പുല്മേട്ടിലാണ് കുറിഞ്ഞി വളര്‍ന്നത്. സിബി ജോസഫ്, ഭാര്യ എന്നിവരുടെ പേരില്‍ 1.4667 ഹെക്ടര്‍ ഭൂമി ചെന്നൈയിലെ മൈജോ ജോസഫില്‍ നിന്നും വാങ്ങുന്നതോടെയാണ് ഇപ്പോഴത്തെ വിവാദത്തിന് തുടക്കം. ആ ഭൂമി അഞ്ചു മുതല്‍ 16 സെന്റു വരെയുള്ള പ്ലോട്ടുകളാക്കി മുറിച്ചു വില്പന ആരംഭിച്ചു. ഒപ്പം അവിടെ റോഡുകള്‍ നിര്‍മ്മിച്ചു. സിബിക്കും ഭാര്യക്കും വീട് നിര്‍മ്മിക്കാന്‍ ദേവികുളം തഹസില്‍ദാര്‍ നിരാക്ഷേപ പത്രവും (എന്‍ഒസി) നല്കി. റോഡ് നിര്‍മ്മിക്കാന്‍ പാറ പൊട്ടിച്ചിട്ടുള്ളതായി ബൈസണ്‍വാലി വില്ലേജ് ആഫീസര്‍ ആഗസ് 23ന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അവിടെയുള്ള ഏക നീരുറവ 16 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വിതിയിലും പുനര്‍നിര്‍മ്മിച്ചതായും മൈജോ ജോസഫിനും പിതാവിനും 28233,2823 തണ്ടപ്പേരുകളിലായി 5.944 ഹെക്ടര്‍ ഭൂമിയുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. എല്‍എ 92669, 50170 എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതേസമയം, 1994ല്‍ അഞ്ചു പേരുടെ പട്ടയമാണ് മൈജോ വാങ്ങിയതെന്ന് അദേഹത്തിന്റെ കാര്യസ്ഥന് പറയുമ്പോഴാണ് പൊരുത്തക്കേടുകള്‍. ഇതേ മൈജോ ഗ്രൂപ്പാണ് വട്ടവട പഞ്ചായത്തിലെ കടവരിയില്‍ 344.5 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്. 1998ല്‍ 99 പേരുടെ പേരില്‍ പട്ടയം വാങ്ങിയ ഭൂമി ചെന്നൈയിലെ സബ് രജിസ്റ്റര്‍ ആഫീസില്‍ വെച്ച് മുക്തിയാറിലുടെ സ്വന്തമാക്കിയെന്നാണ് പറയുന്നത്. കുറിഞ്ഞി സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന ഭൂമി പോക്കുവരവ് ചെയ്തിട്ടില്ല. ഇവര്‍ക്ക് പള്ളിവാസല്‍ വില്ലേജിലെ ആറ്റുകാടിലും ഭൂമിയുണ്ടത്രെ. എന്തായാലും ചൊക്രമുടിയിലെ പട്ടയത്തെ കുറിച്ചു സംശയം ഉന്നയിക്കുന്നത് ആ പ്രദേശത്തുള്ളവര്‍ തന്നെയാണ്.
എം രാമകൃഷ്ണന് വര്‍ഗീസ് ഭൂമി നല്കിയ രേഖ
ഇതിനിടെയാണ് മുന്‍ ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റ് എം ആര് രാമകൃഷ്ണന്റെ രംഗ പ്രവേശം. സിപിഎം നേതാവായിരിക്കെ പഞ്ചായത്ത് പ്രസിഡന്റായ രാമകൃഷ്ണന് പിന്നിട് സിപിഐയില്‍ ചേര്‍ന്നു. ലോക്കല്‍ സെക്രട്ടറിയായിരുന്നു. ചിന്നക്കനാല്‍ പഞ്ചായത്തു പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എം വര്‍ഗീസില്‍ നിന്നും 1984ല്‍ ഉദേശം 20 ഏക്കര്‍ പുല്‍മേട് ഏക്കറിന് 600 രൂപ വിലക്ക് വാങ്ങിയതായി രാമകൃഷ്ണന് പറയുന്നു. പട്ടയമില്ലാത്ത കൈവശ ഭൂമിയാണിത്. ഈ ഭൂമിയില്‍ നിന്നും ഉദേശം 12 ഏക്കര്‍ 2023ല്‍ സിബി ജോസഫ് വില്ക്കാന് കരാര്‍ എഴുതി. 2024 ഫെബ്രുവരിയിലാണ് കൈമാറിയത്. കൈവശഭൂമിയാണെന്ന് കരാറില്‍ പറയുന്നു.ഭൂമി ബൈസണ്‍വാലി വില്ലേജിലാണെങ്കിലും തൊട്ടടുത്ത ചിന്നക്കാനാല്‍ വില്ലേജിലെ തണ്ടപ്പേരും പട്ടയ നമ്പരും ഉപയോഗിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയവും സ്കെച്ചും തരപ്പെടുത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതിന് മന്ത്രിയുടെ ആഫീസിന്റെയും സിപിഐ ജില്ലാ സെക്രട്ടറിയുടെയും സഹായം ലഭിച്ചതായി സിബി പറഞ്ഞതായി എം ആര് രാമകൃഷ്ണന് വെളിപ്പെടുത്തിയതോടെ സംഭവത്തിന് രാഷ്ട്രിയമാനമായി.
രാമകൃഷ്ണന് ഭൂമി കൈമാറിയ രേഖ
മന്ത്രിയുടെ പ്രത്യേക ഉത്തരവിലുടെയാണ് പട്ടയം ലഭിച്ചതെന്ന് ഒരാള്‍ വെളിപ്പെടുത്തിയെങ്കിലും രേഖകള്‍ ഹാജരാക്കിയിട്ടില്ല. ആരോപണം ഉയര്ന്നതേടെ അന്വേഷത്തിന് മന്ത്രി കെ രാജന് ഉത്തരവിട്ടു. ഇടുക്കി കളക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഒരു രീതിയിലും തന്റെ ആഫീസ് ഇടപ്പെട്ടിട്ടില്ലെന്നുംഅന്വേഷണവുമായി ഏതറ്റം വരെയും പോകുമെന്നും റവന്യു മന്ത്രി പറഞ്ഞു. പെക്ഷ, എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു. ഇടുക്കിയിലെ കുപ്രസിദ്ധരായ റവന്യൂസര്‍വേ ഉദ്യോഗസ്ഥ ലോബിയിലേക്കായിരിക്കും അന്വേഷണം എത്തുക. മൂന്നാറില്‍ ടാറ്റയുടെ കൈവശം അധിക ഭൂമിയുണ്ടെന്ന പരാതിയില്‍ അത് അളക്കാന്‍ എത്തിയ സര്‍വേ സംഘമാണ് മൂന്നാര്‍ മേഖലയില്‍ റിയല്‍ എസ്റ്റേറ്റിന് തുടക്കമിട്ടത്. സര്‍ക്കാര്‍ ഭൂമി ചുണ്ടിക്കാട്ടി അവര്‍ ഇടുക്കി ജില്ലക്ക് പുറത്തുള്ളവര്‍ക്ക് വില്പന നടത്തി. റവന്യു ഉദ്യോഗ്ഥര്‍ അതിന് പട്ടയം നല്കി. വ്യാജ ബിടിആറിലുടെ സാധുത നല്കി. മൂന്നാറില്‍ നിന്നും ചിന്നക്കനാല്‍, ബൈസണ്‍വാലി, പള്ളിവാസല്‍ വില്ലേജിലേക്കും അതു നീണ്ടു. ചിന്നക്കനാല്‍ വില്ലേജിലെ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച് നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
ഹൈകോടതി ഇടപെടല്‍
ചൊക്രമുടിയില്െ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിട്ടുണ്ട്. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് ഹൈകോടതി ഇടപെടല്‍. മൂന്നാര്‍ മേഖലയിലെ കയ്യേറ്റം അനേഷിക്കാന്‍ ഹൈകോടതി നിര്‍ദേശം പ്രകാരം നിയമിക്കപ്പെട്ട ഐജി സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം ചൊക്രമുടിയിലെത്തി അനേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് .ചൊക്രമുടിയിലെ 354.5900 ഹെക്ടര്‍ വിസ്തീര്‍ണ്ണം വരുന്ന സര്‍ക്കാര്‍ പാറപുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ച് സംരക്ഷിക്കണമെന്നാണ് ശിപാര്‍ശ. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയവര്‍, അതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്ക്ക്എതിരെ 1957ലെ ഭൂ സംരക്ഷണ നിയമ പ്രകാരം നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങളോം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായും വന്വൃക്ഷങ്ങള് അടക്കം മുറിച്ചു മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കുകയും വ്യാജ തണ്ടപ്പേര് സൃഷ്ടിച്ച് വില്പന നടത്തുകയും ചെയ്തുവെന്നതാണ് കണ്ടെത്തല്‍. സംരക്ഷിത സസ്യമായ നീലകുറിഞ്ഞികള്‍ തിയിട്ട് നശിപ്പിച്ചത് വനം വകുപ്പ് അറിഞ്ഞില്ലെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇത്രയൊക്കെയായിട്ടും എന്തേ ആ തണ്ടപ്പേരുകള് റദ്ദാക്കുന്നില്ല. എന്തേ ആ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കുന്നില്ല. എന്തേ ആ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കുന്നില്ല. ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം കേട്ടടങ്ങുമെന്ന പതിവ് ശൈലിയാണോ?