തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച എഡിജിപി എം.ആര് അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആരോപണവിധേയനാണ് അന്വേഷണം നടത്തിയത്. അന്വേഷണം പ്രഹസനമായിരുന്നെന്ന് സതീശൻ വിമർശിച്ചു.
സംഭവത്തില്‍ ഒരന്വേഷവും നടന്നിട്ടില്ല. തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെയും എഡിജിപിയുടെയും അറിവോടെയാണ് പൂരം കലക്കാന്‍ ഗൂഢാലോചന നടന്നത്. ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഗൂഢാലോചനയില്‍ ബിജെപിക്കും പങ്കുണ്ടെന്ന് സതീശൻ പറഞ്ഞു.
കമ്മീഷണറാണ് കുഴപ്പമുണ്ടാക്കിയത് എന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് കമ്മിഷണറെ മാറ്റിനിര്‍ത്തി. പക്ഷേ എഡിജിപി മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീടാണ് പുറത്തുവന്നത്. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാല്‍ എഡിജിപി. നോക്കിയിരിക്കുമോ. അതിന്റെ മീതെയുള്ള മുഖ്യമന്ത്രി നോക്കിയിരിക്കുമോയെന്നും സതീശൻ ചോദിച്ചു. പൂരം അലങ്കോലമാക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.