ആലപ്പുഴ: എം പോക്സ് രോഗലക്ഷണങ്ങളോടെ ഒരാൾ ആലപ്പുഴയില്‍ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.
രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാതെ എംപോക്സ് സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം മുൻപാണ് എം പോക്സിനായി പ്രത്യേകം വാര്‍ഡ് തുറന്നത്. വാർഡിൽ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്. അതിനിടെ, കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. യുവതിക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.