ന്യൂഡൽഹി: ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കെജ്രിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതിഷിയെ കൂടാതെ മറ്റ് അഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.ഡൽഹി രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.
സുൽത്താൻപൂർ മജ്റ നിയമസഭാംഗമായ മുകേഷ് അഹ്ലാവത് ആണ് മന്ത്രിസഭയിലെ പുതുമുഖം. കെജ്രിവാള് മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന് ഹുസൈന് എന്നീ മന്ത്രിമാരാണ് തുടരുന്നത്. അതേസമയം, മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തില നാളെ കെജ്രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് പേർ ആകാമെങ്കിലും നിലവിൽ ആറ് പേരാണുള്ളത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ കെജ്രിവാൾ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജിവച്ചിരുന്നു. ഈ ഒഴിവാണ് ഇപ്പോഴും തുടരുന്നത്. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്. കെജ്രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു.
മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിനു പിന്നാലെ ഈ മാസം 17നാണ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടർന്നു നടന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്രിവാൾ നിർദേശിച്ചത്. ഇത് യോഗം ഐകകണ്ഠേന പാസാക്കുകയായിരുന്നു.