മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ആരോപണവുമായി വീണ്ടും പി.വി അൻവർ എംഎൽഎ. സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങിയെന്ന് അൻവർ ആരോപിച്ചു. 2016 ഫെബ്രുവരി 19ന് കവടിയാറിൽ ഒരു ഫ്ളാറ്റ് വാങ്ങി. 10 ദിവസം കഴിഞ്ഞ് മറിച്ചുവിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷത്തിനാണ് മറിച്ചുവിറ്റത്. സോളാർ കേസ് പ്രതികളിൽനിന്നാണ് ഫ്ളാറ്റ് വാങ്ങാനുള്ള പണം ലഭിച്ചത്. ഫ്ളാറ്റ് മറിച്ചുവിറ്റതിലൂടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു എന്നും അൻവർ ആരോപിച്ചു.
വലിയ ടാക്സ് വെട്ടിപ്പാണ് അജിത്കുമാർ നടത്തിയത്. രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നാല് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. കവടിയാറിലെ വീട് കൂടാതെ മൂന്ന് വീടുകൾ കൂടി എം.ആർ അജിത്കുമാറിനുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. എഡിജിപി അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയെന്നും അത് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ ആരോപണങ്ങൾ ആവർത്തിച്ചു. സർക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയത് പി. ശശിയാണ്. ശശിക്ക് പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ പി. ശശി ഒരു മറയായി നിൽക്കുകയാണ്. സാജൻ സ്കറിയക്കെതിരെ നിയമനടപി സ്വീകരിക്കാൻ പോയപ്പോൾ തടയിട്ടത് അജിത്കുമാറും പി. ശശിയുമാണ്. അതിൽ ശശിയും പണം വാങ്ങിയിട്ടുണ്ടാവുമെന്നും അൻവർ ആരോപിച്ചു.