റായ്പൂർ: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ സിഖ് പരാമർശത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി നേതാക്കളുടെ പരാതിയിൽ ഛത്തീസ്ഗഢിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതികളിലാണ് നടപടി.
റായ്പൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ, ബിലാസ്പൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ, ദുർഗ് ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നെന്ന് പൊലീസ് അറിയിച്ചു. ഇതുകൂടാതെ സർഗുജയടക്കം സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും രാഹുലിനെതിരെ ബിജെപി നേതാക്കൾ നൽകിയിട്ടുണ്ട്.
പരാതിയിൽ, രാഹുലിനെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 299, 302 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയിൽ സിഖുകാർക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാൻ സാധിക്കുമോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശമെന്ന് സംസ്ഥാന ബിജെപി വക്താവ് അമർജീത് സിങ് ഛബ്ര റായ്പൂരിൽ നൽകിയ പരാതിയിൽ പറയുന്നു.
രാഹുലിന്റെ പ്രസ്താവന ഇന്ത്യയിലെ സിഖ് സമുദായത്തിൻ്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ഛബ്ര പരാതിയിൽ ആരോപിക്കുന്നു. ബിജെപിയുടെ ദുർഗ് ജില്ലാ ഘടകം മേധാവി ജിതേന്ദ്ര വർമയാണ് കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആദ്യ രണ്ട് കേസുകൾ വ്യാഴാഴ്ചയും മൂന്നാമത്തേത് വെള്ളിയാഴ്ചയുമാണ് രജിസ്റ്റർ ചെയ്തത്.
രാഹുൽ നടത്തിയ സംവരണത്തെ കുറിച്ചുള്ള പ്രസ്താവനയ്ക്കെതിരെയും ബിജെപി നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. പ്രസ്താവന രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഐക്യത്തിനും അപകടം വരുത്തുന്ന രീതിയിലുളളതാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ ഡൽഹിയിൽ പരാതി നൽകിയത്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു.
ബിജെപി പട്ടികജാതി യൂണിറ്റ് പ്രസിഡൻ്റ് മോഹൻ ലാൽ ഗിഹാര, സിഖ് സെൽ അംഗം ചരൺജിത് സിങ് ലൗലി, എസ്ടി വിഭാഗം അംഗം സി.എൽ മീണ എന്നിവരാണ് പരാതിക്കാർ. ഡൽഹിയിലെ പഞ്ചാബി ബാഗ്, തിലക് നഗർ, പാർലമെൻ്റ് സ്ട്രീറ്റ് എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് രാഹുലിനെതിരെ പരാതി നൽകിയിട്ടുള്ളത്.
രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും ശിവസേനയും രംഗത്തുവന്നിരുന്നു.