തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി നേരിട്ട് അറിയിക്കാനുള്ള കേന്ദ്രീകൃത വാട്സ്ആപ്പ് സംവിധാനവുമായി തദ്ദേശ വകുപ്പ്. മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്സ്ആപ്പിലൂടെ അറിയിക്കാന്‍ കഴിയും. പരാതി അറിയിക്കാനുള്ള നമ്പര്‍: 94467 00800.
മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നിയമലംഘനത്തിന്മേല്‍ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കും. വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോര്‍പറേഷനില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ അറിയിക്കാം.തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന് ആണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെനിന്നും വാട്സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം നിര്‍ദിഷ്ട വാട്സ്ആപ്പ് നമ്പറില്‍ പരാതി അറിയിക്കാം. തുടര്‍ന്ന് ലൊക്കേഷന്‍ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകള്‍ ആണ് നിലവില്‍ ഉണ്ടായിരുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സ്ആപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്.