ഗോവ: തെന്നിന്ത്യൻ നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ഗോവയിൽവെച്ച് സൈബറാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റായ 21കാരിയുടെ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഒളിവിലായിരുന്നു ജാനി മാസ്റ്റർ. ഇയാളെ ഹൈദരാബാദിലെ കോടതിയിൽ ഉടൻ ഹാജരാക്കും. സിനിമാ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഞായറാഴ്ചയാണ് ഇയാള്‍ക്കെതിരെ രായദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. അന്നു മുതല്‍ ജാനി ഒളിവിലായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് മുതല്‍ അഞ്ച് വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (ടിഎഫ്സിസി) ബുധനാഴ്ച ജാനി മാസ്റ്ററെ ചേംബറിൽ നിന്ന് പുറത്താക്കി.
രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകള്‍ക്കു വേണ്ടി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിലെ ബുട്ട ബൊമ്മ എന്ന പാട്ടിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത് ജാനിയാണ്.